ശബരിമല തീർത്ഥാടകർക്കായി കുമളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു
കുമളി: മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകർക്കായി കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. ക്യാമ്പ് സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പും പഞ്ചായത്തും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചതോടെയാണ് ഇന്ന് മുതൽ സേവനം ലഭ്യമായി തുടങ്ങിയത്.
കുമളി ടൗണിലെ പോസ്റ്റ് ഓഫീസിന് സമീപമുള്ള വനംവകുപ്പ് കെട്ടിടം ക്യാമ്പിനായി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം നിലനിന്നിരുന്നത്. കെട്ടിടം വിട്ടുനൽകണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് വനംവകുപ്പ് ഉദ്യോഗസ്ഥർ അവഗണിച്ചത് വലിയ വിവാദമായിരുന്നു. തുടർന്ന് കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പി. സാജു ഐ.എഫ്.എസും നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരമായത്.
മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് നിർവഹിച്ചു. തീർത്ഥാടകർക്കായി ആയുർവേദം, സിദ്ധ, ഹോമിയോ, അലോപ്പതി എന്നീ ചികിത്സാ വിഭാഗങ്ങളുടെ സേവനം ക്യാമ്പിൽ സൗജന്യമായി ലഭ്യമാകും.
ജില്ലാ പഞ്ചായത്തംഗം ആൻസി ജെയിംസ്, പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ, ജെ.എച്ച്.ഐ. മാഡ സ്യാമി എന്നിവരും വിവിധ വാർഡ് മെമ്പർമാരും ചടങ്ങിൽ സംസാരിച്ചു. ഡോക്ടർമാരായ അനീഷ എസ്. ഡേവിഡ്, റോസ് മേരി (ആയുർവേദം), അഞ്ജു കൃഷ്ണ (ഹോമിയോ), വർഗീസ് ടി. ഐസക്ക്, നീതു പ്രസാദ് (സിദ്ധ) എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും.
