ലോവർ ക്യാമ്പിൽ ദമ്പതികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു: കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ ദുരന്തം; തിരച്ചിൽ തുടരുന്നു
കുമളി: തേനി ജില്ലയിലെ ലോവർ ക്യാമ്പിൽ കുരുവന്നൂത്ത് പാലത്തിന് സമീപം പുഴയിൽ ഒഴുക്കിൽപ്പെട്ട് ദമ്പതികളെ കാണാതായി. ലോവർ ക്യാമ്പ് സ്വദേശികളായ ശങ്കർ (50), ഭാര്യ ഗണേശ്വരി (46) എന്നിവർക്കായാണ് പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നത്. സ്വന്തം കൊച്ചുമകളെ രക്ഷിക്കുന്നതിനിടെയാണ് ദമ്പതികൾ അപകടത്തിൽപ്പെട്ടത്.
പാൽ കച്ചവടക്കാരനായ ശങ്കറും ഭാര്യയും കന്നുകാലികൾക്ക് പുല്ല് ശേഖരിക്കാനാണ് മധുര കോർപ്പറേഷന്റെ കുടിവെള്ള പദ്ധതി തടയണയ്ക്ക് സമീപമെത്തിയത്. ഈ സമയം പുഴയുടെ മറുകരയിൽ ശങ്കറിന്റെ മകളും കൊച്ചുമകളും നിൽക്കുന്നത് കണ്ടു. കൊച്ചുമകളെ അക്കരെനിന്ന് ഇക്കരെയെത്തിക്കാൻ പുഴ മുറിച്ചുകടക്കുന്നതിനിടെ കൊച്ചുമകളുമായി ശങ്കർ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു.
ഭർത്താവിനെ രക്ഷിക്കാനായി ഗണേശ്വരിയും പുഴയിലേക്ക് ചാടി. ഒപ്പമുണ്ടായിരുന്ന ഒരു യുവാവ് സമയോചിതമായി ഇടപെട്ട് കുഞ്ഞിനെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചെങ്കിലും, ദമ്പതികൾ ശക്തമായ ഒഴുക്കിൽപ്പെട്ട് താഴേക്ക് നീങ്ങുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ കമ്പം ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനായി മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. നിലവിൽ ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും പോലീസിൻ്റെയും നേതൃത്വത്തിൽ പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
ന്യൂസ് ബ്യൂറോ
കുമളി
