Monday, 16 November 2026

FLASH
പ്രാദേശികം

കുമളിയിൽ തുറന്ന ഓട ദുരിതമാകുന്നു; സ്ലാബുകൾ പുനഃസ്ഥാപിച്ചിട്ട് നാല് മാസം. ദുർഗന്ധവും അപകടഭീഷണിയും രൂക്ഷം; അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം

· 1 min read
കുമളിയിൽ തുറന്ന ഓട ദുരിതമാകുന്നു; സ്ലാബുകൾ പുനഃസ്ഥാപിച്ചിട്ട് നാല് മാസം. ദുർഗന്ധവും അപകടഭീഷണിയും രൂക്ഷം; അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം

കുമളി: ശുചിത്വ നഗരമെന്ന വിശേഷണവുമായി മുന്നോട്ടുപോകുന്ന കുമളി ടൗണിൽ മാലിന്യവും രൂക്ഷമായ ദുർഗന്ധവും തുറന്ന ഓട ഉയർത്തുന്ന അപകടഭീഷണിയും ജനജീവിതം ദുരിതത്തിലാക്കുന്നു. വണ്ടൻമേട് ജംഗ്ഷനിൽ ഓടയ്ക്ക് മുകളിലുണ്ടായിരുന്ന സ്ലാബുകൾ നീക്കം ചെയ്തിട്ട് നാല് മാസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാത്തതാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധത്തിന് ഇടയാക്കുന്നത്. ഓടയിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം രൂക്ഷമായതോടെ ഇതുവഴിയുള്ള യാത്രയും ദുഷ്കരമായിരിക്കുകയാണ്.

ശക്തമായ മഴയെ തുടർന്ന് കുമളി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് ഓടയിലെ തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് സ്ലാബുകൾ നീക്കം ചെയ്തത്. ദേശീയപാത അധികൃതരുടെ അനുമതിയോടെയായിരുന്നു നടപടിയെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാൽ സ്ലാബുകൾ നീക്കിയതിന് പിന്നാലെ പുനഃസ്ഥാപന നടപടികൾ ഉണ്ടായില്ല. സമീപത്തെ ഹോട്ടലുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മലിനജലം ഒഴുകിയെത്തുന്നതും ഓടയിലെ മാലിന്യം കെട്ടിക്കിടക്കുന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.

പഞ്ചായത്തിലും ദേശീയപാത അധികൃതർക്കും നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശത്തെ ഓട്ടോ തൊഴിലാളികൾ പറയുന്നത്. നിലവിൽ സ്ലാബുകൾ നീക്കം ചെയ്ത ഭാഗത്ത് കമ്പുകൾ സ്ഥാപിച്ചാണ് താൽക്കാലിക സുരക്ഷ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇത് അപകടസാധ്യത പൂർണമായും ഒഴിവാക്കുന്നില്ല. മണ്ഡലകാലം ആരംഭിക്കുന്നതോടെ കുമളി ടൗണിൽ തീർഥാടകരുടെയും വിനോദസഞ്ചാരികളുടെയും തിരക്ക് വർധിക്കാനിരിക്കെ അപകടഭീഷണിയും ആശങ്കയുയർത്തുകയാണ്.

ഓടയുടെ പുനർനിർമാണവും സ്ലാബുകൾ സ്ഥാപിക്കലും ദേശീയപാത അതോറിറ്റിയുടെ ഉത്തരവാദിത്വമാണെന്നാണ് പഞ്ചായത്തിന്റെ നിലപാട്. അതേസമയം, പൊതുമരാമത്ത് വകുപ്പ് പുനർനിർമാണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുകയാണെങ്കിൽ പഞ്ചായത്ത് തന്നെ പ്രവൃത്തി ഏറ്റെടുത്ത് പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

വകുപ്പുകൾ തമ്മിലുള്ള ഉത്തരവാദിത്വ തർക്കത്തിനിടെ ദുരിതം പേറേണ്ടിവരുന്നത് നാട്ടുകാരും വ്യാപാരികളും യാത്രക്കാരുമാണ്. തുറന്നുകിടക്കുന്ന ഓടയ്ക്ക് അടിയന്തരമായി സ്ലാബുകൾ സ്ഥാപിക്കുകയും മലിനജല പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഇതും വായിക്കാം

error: Content is protected !!