ഇരുപതടി ഉയരത്തിലുള്ള ഷെഡിന്റെ മേൽക്കൂരയിൽ മൂന്ന് വയസ്സുകാരി; സാഹസികമായി രക്ഷപ്പെടുത്തി യുവാവ്

അലനല്ലൂർ: ഇരുപതടിയോളം ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്. അലനല്ലൂർ എസ്റ്റേറ്റുംപടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുന്ന യൂണിറ്റിന് സമീപം വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
യൂണിറ്റിലെ ജീവനക്കാരായ അസം സ്വദേശികളായ ദമ്പതികളുടെ മകളാണ് അപകടകരമായ സാഹചര്യത്തിൽ മേൽക്കൂരയിലെത്തിയത്. യൂണിറ്റിൽ കൂട്ടിയിട്ടിരുന്ന വലിയ പ്ലാസ്റ്റിക് ചാക്കുകൾക്ക് മുകളിലൂടെ കയറിയ കുട്ടി, ഷീറ്റിട്ട വലിയ ഷെഡിന്റെ മേൽക്കൂരയിലെത്തുകയായിരുന്നു. കുട്ടി മേൽക്കൂരയിലൂടെ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി ബഹളംവെച്ചു.
മേൽക്കൂരയുടെ മറുഭാഗത്ത് ഏകദേശം 30 അടി താഴ്ചയുണ്ടായിരുന്നതിനാൽ കുട്ടി വലിയ അപകടത്തിന്റെ വക്കിലായിരുന്നു. ഇതിനിടെ കോൺക്രീറ്റ് ജോലി കഴിഞ്ഞ് ബൈക്കിൽ പോവുകയായിരുന്ന അത്താണിപ്പടി നന്നങ്ങാടിക്കുന്ന് സ്വദേശി ശിഹാബുദ്ദീൻ ആളുകളുടെ ബഹളം കേട്ട് വാഹനം നിർത്തി. മേൽക്കൂരയിൽ കുടുങ്ങിയത് പിഞ്ചുകുട്ടിയാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻതന്നെ പ്ലാസ്റ്റിക് ചാക്കുകൾക്ക് മുകളിലൂടെ കയറി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുട്ടിയുടെ അടുത്തെത്തിയ ശിഹാബുദ്ദീൻ സുരക്ഷിതമായി കുട്ടിയെ താഴെയിറക്കി മാതാപിതാക്കൾക്ക് കൈമാറി. സമയോചിതമായ ഇടപെടലും സാഹസികമായ രക്ഷാപ്രവർത്തനവും വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.






