കരുണയുടെ കരങ്ങൾ കോർത്ത് കുമളി ഓൺലൈൻ വാട്സ്ആപ്പ് കൂട്ടായ്മ; 300-ഓളം അന്തേവാസികൾ ക്കൊപ്പം വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷം.
കുമളി: ആഘോഷങ്ങൾ ആരവങ്ങൾക്കും ആർഭാടങ്ങൾക്കും വഴിമാറുമ്പോൾ, സമൂഹത്തിൽ ഒറ്റപ്പെട്ടവരെയും ആലംബഹീനരെയും ചേർത്തുപിടിച്ച് വേറിട്ടൊരു ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ് ‘കുമളി ഓൺലൈൻ’ വാട്സ്ആപ്പ് കൂട്ടായ്മ.
കുമളിയിലെ ഏഴോളം അഭയകേന്ദ്രങ്ങളിലുള്ളവർക്കാണ് ഈ ക്രിസ്മസ് ദിനത്തിൽ സ്നേഹവിരുന്നും ആഘോഷങ്ങളുമായി കുമളി ഓൺലൈൻ പ്രവർത്തകർ എത്തിയത്. അട്ടപ്പള്ളം അസീസി ഭവൻ സ്നേഹാശ്രമത്തിൽ നടന്ന മുഖ്യ ചടങ്ങിൽ നൂറിലേറെ അന്തേവാസികൾ പങ്കെടുത്തു. അസീസി സന്തോഷഭവൻ, ജീവൻ ജ്യോതി ബാലികാ ഭവൻ, ബഥനി ഓൾഡേജ് ഹോം, അണക്കര അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മ, കൊച്ചറ കരുണാഭവൻ, ഗ്രേസ് ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിലെ അന്തേവാസികൾക്കായി ഈ കൂട്ടായ്മ സ്നേഹഭക്ഷണം എത്തിച്ചു നൽകി.
അമൃതാ നൃത്തകലാലയത്തിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷത്തിന് മിഴിവേകി. സ്നേഹാശ്രമം മദർ സുപ്പീരിയർ സിസ്റ്റർ അർച്ചന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുമളി മുൻ ഗ്രാമപഞ്ചായത്ത് അംഗം സിബി വർഗീസ് വരിക്കമാക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, അമ്മയ്ക്കൊരുമ്മ സ്നേഹക്കൂട്ടായ്മ ചെയർമാൻ സാബു കുറ്റിപ്പാലക്കൽ സ്വാഗതം ആശംസിച്ചു.
നിയുക്ത കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് മാജോ കാരിമുട്ടം ക്രിസ്മസ് സന്ദേശം കൈമാറി. ബിജു ദാനിയേൽ, റോബിൻ കാരക്കാട്ട്, സജി വെമ്പള്ളി, എം.സി. ജേക്കബ്, ലിജു ജോസഫ്, സനോജ് വി.ജെ തുടങ്ങിയ പ്രമുഖരും നിയുക്ത ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
കുമളി ഓൺലൈൻ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ പ്രവർത്തകരും സ്നേഹാശ്രമത്തിലെ സിസ്റ്റർമാരും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങൾക്കപ്പുറം സഹജീവികളോടുള്ള കരുതലിന്റെ വലിയൊരു സന്ദേശമാണ് ഈ കൂട്ടായ്മ ഇത്തവണ ക്രിസ്മസ് ദിനത്തിൽ കുമളിക്ക് സമ്മാനിച്ചത്.
