January 19, 2026

Idukkionline

www.idukki.online

വോട്ടർപട്ടിക പരിഷ്കരണം; ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം, പുറത്താവയുടെ പേര് ചേർക്കാൻ പുതിയ അപേക്ഷ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം. അതേസമയം പട്ടികയിൽ നിന്ന് പുറത്തായവര്‍ പേരു ചേര്‍ക്കാൻ പുതിയ അപേക്ഷ നൽകേണ്ടി വരും. കണ്ടെത്താൻ കഴിഞ്ഞില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കിയവരിൽ പകുതിയലധികം പേര്‍ സ്ഥലത്തുള്ളവരാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വാദം. 19.32 ലക്ഷം പേരെ രേഖകള്‍ പരിശോധിക്കാൻ ഹിയറിങ്ങിന് വിളിക്കേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക്. എസ്ഐആറിന് ആധാരമാക്കുന്ന 2002 ലെ വോട്ടര്‍ പട്ടികയുമായി ഒത്തു നോക്കി ഉറപ്പിക്കാൻ കഴിയാത്തവരെയാണ് ഹിയറിങ്ങിന് വിളിക്കുന്നത്. 2002 ലെ വോട്ടര്‍ പട്ടികയിൽ പേരില്ലാത്തവര്‍ ആ പട്ടികയിൽ പേരുള്ള ബന്ധുവിന്‍റെ വിവരം നൽകണമായിരുന്നു. വിവരം നൽകാത്തവരെയും വിവരം നൽകിയെങ്കിലും ബിഎൽഒമാര്‍ക്ക് ഒത്തു നോക്കി ഉറപ്പിക്കാൻ കഴിയാത്തവരെയുമാണ് ഹിയറിങ്ങിന് വിളിക്കുന്നത്. ഒന്നു കൂടി ഒത്തു നോക്കി ഉറപ്പിക്കാൻ ബിഎൽഒമാരോട് ആവശ്യപ്പെടും. ബിഎൽഒമാരുടെ ഡ്യൂട്ടി 22 വരെ നീട്ടി. 24.08 ലക്ഷം വോട്ടര്‍മാരാണ് പട്ടികയ്ക്ക് പുറത്തായത്. ഇവര്‍ പുതിയ വോട്ടര്‍മാര്‍ എന്ന നിലയിൽ അപേക്ഷ നൽകണം.

ഒഴിവാക്കിയവരുടെ പട്ടികയിലുള്ളവരെ കണ്ടെത്താനായാൽ അറിയിക്കാമെന്ന് തങ്ങളോട് പറഞ്ഞിരുന്നതായി പാര്‍ട്ടികള്‍ പറയുന്നെങ്കിലും പുതുതായി അപേക്ഷ നൽകണമെന്നാണ് കമ്മീഷൻ നിലപാട്. കണ്ടെത്താനായില്ല, ഫോം സ്വീകരിച്ചില്ല എന്നീ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയവര്‍ അടക്കമുണ്ട്. ഒഴിവാക്കിയതിൽ പകുതിയലധികം പേരെ ബൂത്ത് തല പരിശോധനയിൽ തങ്ങള്‍ക്ക് കണ്ടെത്താനായെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്. കണ്ടെത്താനായില്ലെന്ന കാരണം പറഞ്ഞ് പകുതിയിലധികം പേരെ ഒഴിവാക്കിയ ബൂത്തുകള്‍ നഗര പ്രദേശങ്ങളിലുണ്ട്. അതേസമയം വന്‍ തോതിൽ ഒഴിവാക്കിയതോ പേരു ചേര്‍ത്തോ ആയ മണ്ഡലങ്ങളിൽ വോട്ടര്‍ പട്ടിക നിരീക്ഷിക്കാൻ കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.
Translate »
error: Content is protected !!