കുമളി ഓൺലൈൻ വാട്സ്ആപ്പ് കൂട്ടായ്മയുടെ 30 ദിവസത്തെ എക്സർസൈസ് ചലഞ്ച്: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു!
കുമളി: നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ ഏഴ് വർഷത്തിലധികമായി കുമളി മേഖലയിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് കുമളി ഓൺലൈൻ വാട്‌സ്ആപ്പ് കൂട്ടായ്മ. ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം എന്നിവയിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഈ കൂട്ടായ്മ വർഷങ്ങളായി അർഹർക്കായി നൽകി വരുന്നത്. ഇപ്പോഴിതാ, വ്യത്യസ്തമായൊരു ആരോഗ്യ ചലഞ്ചിലൂടെ ഈ ഗ്രൂപ്പ് വീണ്ടും ജനശ്രദ്ധ നേടുകയാണ്.
‘എക്സർസൈസ് ചെയ്യൂ, സമ്മാനം നേടൂ’ എന്ന പേരിൽ സംഘടിപ്പിച്ച ഒരു മാസത്തെ വ്യായാമ ചലഞ്ചിൽ വിദേശത്തുള്ളവരടക്കം നിരവധി പേരാണ് പങ്കെടുത്തത്. ഇഷ്ടമുള്ള വ്യായാമങ്ങൾ മുടങ്ങാതെ 30 ദിവസവും ചെയ്ത് അതിന്റെ ഫോട്ടോ ഗ്രൂപ്പിൽ പങ്കുവെക്കുക എന്നതായിരുന്നു ചലഞ്ച്. ലളിതമായ വ്യായാമങ്ങളിലൂടെ ആരോഗ്യം നിലനിർത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
വാർത്താ അവതരണം
ചലഞ്ചിലെ വിജയികൾക്കുള്ള സമ്മാന വിതരണം കുമളി ഒന്നാം മൈലിലെ അമൃത നൃത്ത കലാലയത്തിൽ വെച്ച് നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
- ഒന്നാം സമ്മാനം (₹10,000): ലിബിൻ മാത്യു കരസ്ഥമാക്കി.
- രണ്ടാം സമ്മാനം (₹5,000): ശ്രീദേവി ജയേഷ് സ്വന്തമാക്കി.
- മൂന്നാം സമ്മാനം: മൈക്കൽ ആഞ്ചലോ
- നാലാം സമ്മാനം: മാത്യു മാളിയിക്കൽ എന്നിവർ കരസ്തമാക്കി.
വിവിധ സ്ഥാപനങ്ങളും വ്യക്തികളുമാണ് ഈ സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.
കുമളി മുൻ ഗ്രാമപഞ്ചായത്ത് അംഗം സിബി വരിക്കമാക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. അണക്കര അമ്മയ്ക്കൊരുമ്മ സ്നേഹം കൂട്ടായ്മ ചെയർമാൻ സാബു കുറ്റി പാലക്കൽ, ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ ഡോക്ടർ അൻസിൽ, നൃത്ത അധ്യാപിക ശാന്ത മേനോൻ, ഗ്രൂപ്പ് അഡ്മിൻമാരായ ലിജു ജോസഫ്, സനോജ് എന്നിവർ സംസാരിച്ചു.
കൂട്ടായ്മയുടെ അഡ്മിൻമാർ അടുത്തതായി പ്രഖ്യാപിച്ചത് ഒരു വർഷം നീണ്ടുനിൽക്കുന്ന പുതിയ എക്സർസൈസ് ചലഞ്ച് ആണ്. ഇതിലെ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയായിരിക്കും എന്നറിയിച്ചതോടെ സദസ്സ് കയ്യടികളോടെ ആ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
ജനകീയ കൂട്ടായ്മകളിലൂടെ നാടിന് മാതൃകയാവുകയാണ് കുമളി ഓൺലൈൻ വാട്‌സ്ആപ്പ് കൂട്ടായ്മ.
