കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് കുമളി പോലീസിന്റെ വലയിലായി. തമിഴ്നാട് തേനിയിലെ ‘തിരുട്ടു ഗ്രാമം’ എന്നറിയപ്പെടുന്ന കാമാക്ഷിപുരത്ത് നിന്നാണ് സാഹസികമായി പ്രതിയെ പിടികൂടിയത്. 2008-ൽ കുമളിയിൽ നടന്ന മോഷണ പരമ്പരകളിലെ പ്രതിയും കുറുവ സംഘാംഗവുമായ ചോളയപ്പനാണ് പിടിയിലായത്.
കുമളി :പതിനേഴ് വർഷങ്ങൾക്ക് ശേഷം അന്തർ സംസ്ഥാന മോഷ്ടാവും കുപ്രസിദ്ധ കുറുവ സംഘാംഗവുമായ പിടികിട്ടാപ്പുള്ളി തേനി കാമാക്ഷിപുരം സ്വദേശി ചോളയപ്പൻ (45) ആണ് കുമളി പോലീസിന്റെ പിടിയിലായത്. തമിഴ്നാട് തേനി ജില്ലയിലെ ‘തിരുട്ടു ഗ്രാമം’ എന്നറിയപ്പെടുന്ന കാമാക്ഷിപുരത്ത് എത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
2008-ൽ കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മൂന്ന് മോഷണക്കേസുകളിൽ പ്രതിയാണ് ചോളയപ്പൻ. ചക്കുപള്ളം ഭാഗത്ത് വീടിന്റെ പിൻവാതിൽ കുത്തിതുറന്ന് അകത്തുകയറി, ഉറങ്ങിക്കിടന്ന സ്ത്രീയുടെ മാല പൊട്ടിച്ചും പണം അപഹരിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടുകളിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുന്നവരുടെ സ്വർണ്ണവും പണവും ഉൾപ്പെടെയുള്ള സാധനങ്ങൾ ഭീഷണിപ്പെടുത്തി കവർച്ച ചെയ്യുന്നതാണ് ഇയാളുടെയും സംഘത്തിന്റെയും രീതി.
കുമളിയിലെ സംഭവത്തിന് ശേഷം വിചാരണ നേരിടാതെ ഒളിവിൽ പോയ ഇയാൾക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളുണ്ട്. മുട്ടം, തൊടുപുഴ, പാലാ, മണിമല, പള്ളിക്കത്തോട് എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിൽ കേസുകൾ നിലവിലുണ്ട്.
കാമാക്ഷിപുരത്തെ വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസികളിൽ നിന്നും പോലീസിന് ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നു. തുടർന്ന് സാഹസികമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്.
കുമളി എസ്.എച്ച്.ഒ അഭിലാഷ് കുമാർ കെ, സബ് ഇൻസ്പെക്ടർ മിഥുൻ, സി.പി.ഒമാരായ മാരിയപ്പൻ, രതീഷ് സി.പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
