തേക്കടിയിൽ കാട്ടുപോത്തിൻ്റെ ആക്രമണം; വാച്ചർക്ക് ഗുരുതര പരിക്ക്.
തേക്കടിയിൽ കടുവ സെൻസസിനായി പോയ സംഘത്തിന് നേരെയാണ് കാട്ടുപോത്തിൻ്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വാച്ചർക്ക് ഗുരുതരമായി പരിക്കേറ്റു. മേഘമല സ്വദേശി വൈരമുത്തുവിനാണ് പരിക്കേറ്റത്. വയറിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. കടുവ സെൻസസ് എടുക്കുന്നതിനായി വനത്തിനുള്ളിലേക്ക് പോയ ഉദ്യോഗസ്ഥ സംഘത്തിന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. സീനിയറോടയ്ക്ക് സമീപം കുട്ടാംകയത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ വാച്ചറായ മേഘമല സ്വദേശി വൈരമുത്തുവിന്റെ വയറിനാണ് സാരമായി പരിക്കേറ്റത്. ഉടൻതന്നെ കൂടെയുള്ളവർ ഇദ്ദേഹത്തെ ബോട്ടിൽ തേക്കടി ലാൻഡിങ്ങിൽ എത്തിക്കുകയും, തുടർന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.
എന്നാൽ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി വൈരമുത്തുവിനെ അടിയന്തരമായി തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
