രാജ്യ തലസ്ഥാനത്ത് സ്‌ഫോടനം: സ്‌ഫോടനമുണ്ടായത് ന്യൂഡൽഹി ചെങ്കോട്ടയ്ക്ക് സമീപം; നിർത്തിയിട്ട കാറിലുണ്ടായ പൊട്ടിത്തെറിയിൽ ഒൻപത് മരണം
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം വൻ സ്‌ഫോടനം. ചുവപ്പ് സിഗ്നലിൽ നിർത്തിയ ശേഷം മുന്നോട്ട് നീങ്ങിയ കാർ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒൻപത് പേർ മരിച്ചു. ലാൽ ക്വയിലാ മെട്രോ സ്‌റ്റേഷനു സമീപത്തെ ഗേറ്റ് നമ്പർ ഒന്നിലാണ് സ്‌ഫോടനമുണ്ടായത്. 30 ഓളം പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഈ വാഹനത്തിന് പിന്നാലെ എത്തിയ നിരവധി വാഹനങ്ങൾക്ക് തീ പിടിച്ച് വൻ പൊട്ടിത്തെറിയും ഉണ്ടായിട്ടുണ്ട്. 24 ഓളം വാഹനങ്ങളാണ് അപകടത്തിൽ കത്തി നശിച്ചത്. വൈകിട്ട് 6.55 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ആശുപത്രിയിൽ നിലിവിൽ 16 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഡൽഹി സ്‌പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്.
