കുമളി കുടുംബാരോഗ്യ കേന്ദ്രപരിസരത്ത് തെരുവുനായ ശല്യം രൂക്ഷം

കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായതോടെ രോഗികളും ജീവനക്കാരും ഒരുപോലെ ഭീതിയിലാണ്. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് തെരുവുനായ്ക്കൾ വലിയ ഭീഷണിയാകുന്നു.
തെരുവുനായ്ക്കളെ ഭയന്ന് രോഗികൾക്ക് തിരികെ പോകേണ്ട അവസ്ഥയാണ്. ഡോക്ടറെ കാണാനെത്തുന്നവർ വടിയോ കല്ലോ കയ്യിൽ കരുതേണ്ട സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ, ആശുപത്രിക്ക് സമീപത്തുള്ള നിർമ്മാണ സ്ഥലത്ത് മുപ്പതിലധികം നായകൾ തമ്പടിച്ചിരിക്കുകയാണ്. തെരുവുനായ്ക്കൾ വാഹനങ്ങളുടെ ടയറുകളും കേബിളുകളും നശിപ്പിക്കുന്നത് പതിവാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
തെരുവുനായ്ക്കൾ കൂട്ടമായി ഓടുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർക്കും അപകടസാധ്യതയേറെയാണ്. ആശുപത്രി പരിസരത്ത് നിന്ന് നായകളെ തുരത്താൻ അധികൃതർ ഉടൻ നടപടിയെടുക്കണമെന്ന് നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നു.