ഓപ്പറേഷൻ ക്ലീൻ സ്വീപ്: കുമളിയിൽ ഹോട്ടലുകൾക്കെതിരെ കർശന നടപടി; മൂന്ന് സ്ഥാപനങ്ങൾക്ക്, ലക്ഷങ്ങളുടെ പിഴ

കുമളി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം നടന്നുവരുന്ന ഓപ്പറേഷൻ ക്ലീൻ സ്വീപ് പരിശോധന കുമളി ഗ്രാമപഞ്ചായത്തിലും ശക്തമാക്കി. പരിശോധനയിൽ, ഓടയിലേക്ക് കക്കൂസ് മാലിന്യം ഉൾപ്പെടെ പുറന്തള്ളിയ മൂന്ന് ഹോട്ടലുകൾക്ക് എതിരെ കർശന നടപടി സ്വീകരിച്ചു. ഈ സ്ഥാപനങ്ങൾക്ക് പ്രവർത്തനം നിർത്തിവയ്ക്കുവാൻ നോട്ടീസ് നൽകുകയും ലക്ഷങ്ങൾ പിഴ ചുമത്തുകയും ചെയ്തു.
കുമളി ഗ്രാമപഞ്ചായത്ത് ജീവനക്കാരും ആരോഗ്യ വകുപ്പ് ജീവനക്കാരും ചേർന്നാണ് പത്താം വാർഡായ താമരക്കണ്ടത്ത് പരിശോധന നടത്തിയത്. തേക്കടി തടാകത്തിലേക്ക് ഒഴുകിയെത്തുന്ന പൊതു ഓടയിലേക്ക് സ്ലാബുകൾക്കിടയിലൂടെ അനധികൃതമായി പൈപ്പ് സ്ഥാപിച്ച് കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ ഒഴുക്കിവിട്ട മൂന്ന് സ്ഥാപനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
ടൈഗർ ട്രെയിൽസ്, പെപ്പർ വൈൻ, വുഡ് നോട്ട് എന്നീ സ്ഥാപനങ്ങളാണ് നിയമലംഘനം നടത്തിയത്. ഓരോ സ്ഥാപനത്തിനും 50,000 രൂപ വീതം പിഴ ചുമത്തി. കൂടാതെ, ഇവർക്ക് പ്രവർത്തനം നിർത്തിവെക്കാനും ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കാനുമുള്ള നോട്ടീസും പഞ്ചായത്ത് അധികൃതർ നൽകിയിട്ടുണ്ട്.
നിയമലംഘനം നടത്തിയ രണ്ട് വീടുകൾക്ക് 10,000 രൂപയും, നിരോധിത പ്ലാസ്റ്റിക് നിക്ഷേപിച്ച ഒരാൾക്ക് 1,000 രൂപയും പിഴ ചുമത്തി നടപടി സ്വീകരിച്ചു.
ഇത്തരത്തിലുള്ള നിയമലംഘകർക്കെതിരെ കർശന നടപടികൾ തുടരുമെന്നും വരും ദിവസങ്ങളിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന വ്യാപിപ്പിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ആർ അശോക് കുമാർ അറിയിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. മാടസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനകൾക്ക് നേതൃത്വം പിടിച്ചത്.