വീട് പണിക്കിടെ ഇടിമിന്നലേറ്റ് നാല് തൊഴിലാളികൾ മരിച്ചു.
തമിഴ്നാട്ടിൽ കനത്ത വേനൽമഴ ദുരന്തം വിതയ്ക്കുകയാണ്. വിരുദുനഗറിൽ നാല് കെട്ടിട നിർമാണ തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു. വീട് പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന മൂന്ന് പുരുഷ തൊഴിലാളികളും ഒരു സത്രീയുമാണ് മരിച്ചത്. ഇടിമിന്നലേറ്റ ജക്കമ്മാൾ, കാശി, മുരുകൻ, കറുപ്പുസ്വാമി എന്നിവർ തൽക്ഷണം മരിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ മുകളിലായിരുന്നു ഇവർ ജോലി ചെയ്തുകൊണ്ടിരുന്നത്. വിരുദുനഗർ ജില്ലയിലെ കറുപ്പുസ്വാമിനഗറിലാണ് അപകടം ഉണ്ടായത്. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസമായി വിരുദുനഗറിൽ കനത്ത വേനൽമഴ തുടരുകയാണ്.
അതേസമയം കേരളത്തിലും പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി എന്നിവടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്കൻ തമിഴ്നാടിന്റെ തീരദേശത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴ തുടരാൻ കാരണം. അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോട് കൂടിയ മഴ തുടരും. കേരളാതീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വെള്ളിയാഴ്ച മുതല്‍ മഴ കുറയാനാണ് സാധ്യത.