കേരളാ അതിർത്തിയിൽ വൻ കഞ്ചാവ് വേട്ട പിടികൂടിയത് കോടികൾ വിലമതിക്കുന്ന കഞ്ചാവ്.
ആന്ധ്രയിൽ നിന്നും തമിഴ്നാട് വഴി കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവു കടത്തികൊണ്ടു വരുന്നുണ്ടെന്നും, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ കഞ്ചാവ് സൂക്ഷിച്ചു വയ്ക്കുന്നുണ്ടെന്നും
കേരളാ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനി കുമാറിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തമിഴ്നാട് ദിണ്ഡിക്കലിൽ ലോറിയിൽ കടത്തിക്കൊണ്ട് വന്ന 225 കിലോഗ്രാം കഞ്ചാവ് പിടികൂടി. തുടർന്ന് ദിണ്ഡിക്കൽ NIB ഉദ്യേഗസ്ഥരെ വിളിച്ച് വരുത്തി കേസെടുത്തു. കഞ്ചാവ് കടത്തികൊണ്ട് വന്ന തമിഴ്നാട് സേലം ശങ്കരഗിരി സ്വദേശിയായ നടേശൻ മകൻ അരുൺകുമാർ, കൃഷ്ണഗിരി ജില്ലയിൽ ബെർഗൂർ താലൂക്കിൽ അഞ്ചൂർ സ്വദേശിയായ കൃഷ്ണൻ മകൻ ഷണ്മുഖം എന്നിവരെ അറസ്റ്റ് ചെയ്തു. ടോറസ്റ്റിൽ പേപ്പർ ലോഡിൻ്റെ മറവിലാണ് കഞ്ചാവ് കടത്തി കൊണ്ട് വന്നത്. ദിണ്ടുക്കൽ എൻ. ഐ. ബി DSP പുകഴേന്തി തുടർ നടപടികൾക്ക് നേതൃത്വം നൽകി.
കേരളത്തിലെ കഞ്ചാവിൻ്റെ മൊത്ത വിതരണക്കാരനായ മധുര കീരിപെട്ടി സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി. ആന്ധ്രയിൽ നിന്നും ദിണ്ടുക്കൽ വരെ കൊണ്ടുവരുന്നതിന് ഒരു ലക്ഷം രൂപ പ്രതിഫലം ലഭിക്കും. തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ കഞ്ചാവ് സൂക്ഷിച്ച് കേരളത്തിലേക്ക് കടത്തുവാൻ വേണ്ടിയാണ് കൊണ്ടുവന്നതെന്നും പ്രതികൾ മൊഴി നൽകി. ഡിണ്ടിക്കൽ എൻ ഐ ബി ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം ആരംഭിച്ചു.