പതിനാലാമത് തേക്കടി പുഷ്പമേള ഏപ്രിൽ ഒന്നു മുതൽ
കോവിഡ് മഹാമാരി മൂലം തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിനുണ്ടായ മാന്ദ്യം അകറ്റാൻ കുമളി ഗ്രാമ പഞ്ചായത്തും, തേക്കടി അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും, മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് സംഘടിപ്പിക്കുന്ന പതിനാലാമത് തേക്കടി പുഷ്പമേള കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ഏപ്രിൽ ഒന്നിനു ആരംഭിക്കും. മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തലിൽ മണ്ണാറത്തറയിൽ ഗാർഡൻസ് തയ്യാറാക്കുന്ന പതിനായിരകണക്കിന് ചെടികളും പൂക്കളുമാണ് പുഷ്പമേളയുടെ മുഖ്യ ആകർഷണം. ഇതോടൊപ്പം അമ്മ്യൂസ്മെൻ്റ് പാർക്കും ക്രമീകരിച്ചിട്ടുണ്ട്. 32 ദിവസം നീണ്ടു നിൽക്കുന്ന പുഷ്പമേളയിൽ പുഷ്പാലങ്കാര മത്സരം, സൗന്ദര്യ മത്സരം, പാചക മത്സരം, ക്വിസ്, പെയിൻ്റിംങ്ങ് മത്സരം എന്നിവയും എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പ്രൊഫഷണൽ ട്രൂപ്പുകൾ ഉൾപ്പെടെയുള്ള കലാസമിതികൾ അവതരിപ്പിക്കുന്ന ഗാനമേളകൾ, കോമഡി ഷോ, നാടൻ പാട്ടുകൾ, നൃത്ത സന്ധ്യ, തെയ്യം, കഥകളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിൻ്റെ വികസനത്തിനുതകുന്ന പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി വിപുലമായ ടൂറിസം സെമിനാറും, ജൈവകൃഷി പ്രോത്സാഹനം മുന്നിൽ കണ്ട് ജൈവ കർഷക സംഗമവും സംഘടിപ്പിക്കുന്നുണ്ട്. ഹൈടെക്ക് ഡൂം പന്തലിൽ അറുപതിൽപരം വാണിജ്യ സ്റ്റാളുകൾ പ്രവർത്തിക്കും.
കല്ലറയ്ക്കൽ ഗ്രൗണ്ടിൽ മേളയുടെ രക്ഷാധികാരി പീരുമേട് എം. എൽ. എ. വാഴൂർ സോമൻ കാൽനാട്ടുകർമ്മം നടത്തിയ വിശാലമായ പന്തലിൻ്റെ നിർമ്മാണം പുരോഗമിക്കുകയാണ്. മേളയുടെ വിവിധ പരിപാടികളിൽ സംസ്ഥാന മന്ത്രിമാർ, എം.എൽ. എ. മാർ, എം. പി., മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കുമളിയുടെ സാംസ്ക്കാരിക ഉത്സവമായ തേക്കടി പുഷ്പമേളയുടെ വിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളുടെയും സഹായ സഹകരണം അഭ്യർത്ഥിക്കുന്നതായി സംഘാടക സമിതി ചെയർ പേഴ്സണും പഞ്ചായത്ത് പ്രസിഡൻ്റുമായ ശാന്തി ഷാജിമോൻ, ജനറൽ കൺവീനർ റ്റി. റ്റി. തോമസ്, ജോയിൻ്റ് ജനറൽ കൺവീനർ ഷാജി മണ്ണാറത്തറയിൽ എന്നിവർ അറിയിച്ചു.