കുമളിയിൽ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിച്ച് ഗ്രാമപഞ്ചായത്ത്ശബരിമല തീർത്ഥാടകർക്ക് പാർക്കിംഗ് സൗകര്യമൊരുക്കും

കുമളി: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കുമളിയിലെത്തുന്ന ശബരിമല തീർത്ഥാടകരുടെ വാഹന പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമൊരുക്കാൻ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിച്ച് ഗ്രാമപഞ്ചായത്ത്. സ്വകാര്യ വ്യക്തിയുടെ കൈവശത്തിലായിരുന്ന കൊട്ടാരക്കര–ദിണ്ടിഗൽ ദേശീയപാതയുടെ പുറമ്പോക്ക് ഭൂമിയാണ് പഞ്ചായത്ത് അധികൃതർ വീണ്ടെടുത്തത്.
ദേശീയപാത പുനർനിർമ്മാണത്തിന് മുമ്പ് റോഡ് കടന്നുപോയിരുന്ന ഭാഗമാണിത്. പുതിയ റോഡ് നിർമ്മിച്ചതോടെ പഴയ റോഡിന്റെ ഭാഗമായിരുന്ന സ്ഥലം ഉപയോഗശൂന്യമാകുകയും പിന്നീട് സ്വകാര്യ വ്യക്തിയുടെ കൈവശത്തിലാകുകയുമായിരുന്നു. മണ്ഡലകാലത്ത് കുമളിയിലെത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യത്തിന് സൗകര്യമില്ലെന്ന സാഹചര്യം കണക്കിലെടുത്താണ് കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം തിരിച്ചുപിടിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.
വീണ്ടെടുത്ത ഭൂമി നിരപ്പാക്കി ശബരിമല തീർത്ഥാടകരുടെ വാഹന പാർക്കിംഗിനായി വിട്ടുനൽകും. ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കും. ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയിട്ടുള്ള സമാനമായ പുറമ്പോക്ക് ഭൂമികൾ കണ്ടെത്തി തിരിച്ചുപിടിക്കാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
പാർക്കിംഗിനായി കൂടുതൽ സ്ഥലങ്ങൾ ലഭ്യമാകുന്നതോടെ മണ്ഡലകാലത്ത് കുമളി ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമപഞ്ചായത്ത് അധികൃതർ.






