ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് KVVES ഒന്നാം മൈലിൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി
കുമളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒന്നാം മൈൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി. ഒന്നാം മൈലിൽ നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.വി. ഈപ്പൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, ജില്ലാ പഞ്ചായത്ത് അംഗം ആൻസി ജെയിംസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കീല ടീച്ചർ, കൂടാതെ ബ്ലോക്കിലെയും പഞ്ചായത്തിലെയും തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളും സ്വീകരണം ഏറ്റുവാങ്ങി.
ഒന്നാം മൈൽ യൂണിറ്റിലെ എക്സിക്യൂട്ടീവ് കമ്മിറ്റി, വനിതാ വിംഗ്, യൂത്ത് വിംഗ് അംഗങ്ങൾ ചേർന്ന് ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഒന്നാം മൈൽ പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് ചടങ്ങിൽ വാഗ്ദാനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, ജില്ലാ പഞ്ചായത്ത് അംഗം ആൻസി ജെയിംസ് എന്നിവർ മറുപടി പ്രസംഗം നടത്തി.
യൂണിറ്റ് ജനറൽ സെക്രട്ടറി റ്റി. റ്റി. തോമസ് സ്വാഗതവും വൈസ് പ്രസിഡന്റ് ബിജുമോൻ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിന് മാറ്റുകൂട്ടുവാൻ എയ്ഞ്ചൽ ബിജു, റേച്ചൽ ചാക്കോ എന്നിവർ ഗാനങ്ങൾ ആലപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
