പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവ ചത്തത് പുറത്തറിയിക്കാതെ വനപാലകർ സംസ്ക്കരിച്ചതിൽ ദുരൂഹത.

കടുവ സങ്കേതത്തിലെ തേക്കടി റേഞ്ചിൽ ഉൾപ്പെട്ട മുല്ലക്കുടിയിലാണ് 4 വയസ്സ് പ്രായമുള്ള പെൺ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്നാണ് പുറത്തുവന്ന വിവരം.
ആരോഗ്യവതിയായി കാണേണ്ടിയിരുന്ന കടുവ എങ്ങനെ ചത്തു എന്നത് സംബന്ധിച്ചാണ് സംശയമുയരുന്നത്.
പെരിയാർ കടുവ സങ്കേതത്തിൽ കടുവകളുടെ നിരീക്ഷണത്തിനുമാത്രമായി പ്രത്യേക സംവിധാനങ്ങളും ജീവനക്കാരും പ്രവർത്തിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. കടുവ സംരക്ഷണത്തിനായി വർഷംതോറും ലക്ഷങ്ങളാണ് ചിലവഴിക്കുന്നത്.
കടുവ സങ്കേതത്തിനു പരിസരങ്ങളിലുള്ള തേയില, ഏലക്കാടുകൾ കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ മ്ലാവ്, കാട്ടു പോത്ത് പന്നി എന്നിവ തീറ്റതേടി ഇറങ്ങാറുണ്ട്. ഇവയെ പിടികൂടാൻ കടുവയും പുലിയുമെല്ലാം നാട്ടിലേക്ക് ഇറങ്ങുന്നതും പതിവ് സംഭവമാണ് .ഇത്തരത്തിൽ നാട്ടിലേക്ക് ഇറങ്ങിയ കടുവ വേട്ടക്കാരുടെ വെടിയേറ്റോ കുരുക്കിൽപ്പെട്ടോ പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണ്. ഇങ്ങനെ പരിക്കേറ്റ് ചത്തതുകൊണ്ടാണോ വിവരം
പുറത്തറിയിക്കാതെ സംസ്ക്കരിക്കാൻ വനപാലകർ തിടുക്കം കാട്ടിയതെന്നാണ് സംശയമുയരുന്നത്.
കടുവ സങ്കേതത്തിൽ ഏതെങ്കിലും നിലയിൽ അവശനിലയിൽ കാണപ്പെടുന്ന ജീവികളെ നിരീക്ഷിക്കാനും ആവശ്യമെങ്കിൽ ചികിത്സിക്കാനും സംവിധാനമുണ്ട്. എന്നാൽ കുറച്ച് കാലമായി ഇതിൻ്റെ പ്രവർത്തനം കടലാസിൽ മാത്രം ഒതുങ്ങിയതായി വ്യാപകമായി പരാതി ഉയരുന്നതിനിടെയാണ് കടുവയുടെ ജഢം പുറം ലോകം അറിയാതെ വനപാലകർ കത്തിച്ചത്.
…..