കുമളി ബസ് സ്റ്റാൻഡിൽ KSRTC ബസ് യാത്രക്കാരന്റെ കാലിൽ കയറി: തമിഴ്‌നാട് സ്വദേശിക്ക് പരിക്ക്.

കുമളി ബസ് സ്റ്റാൻഡിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ് കയറി യാത്രക്കാരന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. തമിഴ്‌നാട് സ്വദേശിയായ പി. രാസുവിനാണ് പരിക്കേറ്റത്.
മധുരയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്നതിനിടെ ബസിന് മുന്നിലൂടെ കടന്നുപോവുകയായിരുന്ന രാസുവിന്റെ കാൽ ടയറിനടിയിൽപ്പെടുകയായിരുന്നു. കാലിന്റെ മുട്ടിന് താഴെ ടയർ കയറിയിറങ്ങിയതിനെ തുടർന്ന് ഇദ്ദേഹത്തിന് സാരമായ പരിക്കേറ്റു.
ഉടൻ തന്നെ ബസ് കണ്ടക്ടറും നാട്ടുകാരും ചേർന്ന് രാസുവിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ന്യൂസ് ബ്യൂറോ
കുമളി