കുമളി അതിർത്തിയിൽ ഓണക്കാല പരിശോധന പ്രഹസനമാകുന്നു; ക്ഷീരവകുപ്പും ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പും നിഷ്‌ക്രിയം.ഈ ഓണ നാളുകളിൽ പരിശോധന ഇല്ലാത്ത ടൺ കണക്കിന്പാലും പച്ചക്കറിയും ആണ് കേരളത്തിലേക്ക് കടന്നുവരുന്നത്.

ഓണക്കാലം പ്രമാണിച്ച് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് അതിർത്തി കടന്നെത്തുന്ന ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നതായി ആരോപണം. എല്ലാ വർഷവും കുമളി ചെക്ക് പോസ്റ്റിൽ ക്ഷീരവകുപ്പ് താത്കാലിക ലാബ് സ്ഥാപിച്ച് പാൽ പരിശോധിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ക്ഷീരവകുപ്പിൻ്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായില്ല. തമിഴ്നാട്ടിൽ നിന്ന് ടാങ്കറുകളിലും പാക്കറ്റുകളിലുമായി ദിവസവും ടൺ കണക്കിന് പാൽ കേരളത്തിലെത്തുന്നുണ്ട്. പരിശോധനയില്ലാത്തതിനാൽ മായം കലർന്ന പാൽ വിപണിയിലെത്താനുള്ള സാധ്യത ഏറെയാണ്. ഈ ഓണ ദിവസങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും യാതൊരു പരിശോധനയും ഇല്ലാതെ കേരളത്തിലേക്ക് എത്തുന്ന പാൽ – പച്ചക്കറി തുടങ്ങിയ വസ്തുക്കൾ യാതൊരു പരിശോധനയും നടത്താതെ കടത്തി വിടുന്നത് ആശങ്കയോടെയാണ് കാണുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
പച്ചക്കറികളുടെ സ്ഥിതിയും മറിച്ചല്ല. ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പ് ആദ്യ ദിവസങ്ങളിൽ മാത്രമാണ് കാര്യക്ഷമമായി പരിശോധന നടത്തിയത്. അതിനുശേഷം പരിശോധന വെറും ചടങ്ങ് മാത്രമായി മാറിയെന്നും ഈ ഓണ നാളുകളിൽ പരിശോധന അവസാനിപ്പിച്ച് മടങ്ങി പോയതായും വ്യാപാരികളും യാത്രക്കാരും പറയുന്നു. ഈ ഓണ നാളുകളിൽ അധികൃതരുടെ ഈ അലംഭാവം ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുകയാണ്. ഉണർന്നു പ്രവർത്തിക്കാൻ ക്ഷീരവകുപ്പും ഫുഡ് ആൻഡ് സേഫ്റ്റി വകുപ്പും തയ്യാറാകുമോ എന്ന് കണ്ടറിയാം.