ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു.

രാജാക്കാട് ആയുർവേദ ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ വിവിധ കാർഷിക മേഖലകളിൽ മികച്ച വിജയം കൈവരിച്ച കർഷകരെ ആദരിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച മുതിർന്ന കർഷകൻ, ജൈവകർഷകർ, സമ്മിശ്രകർഷകർ, കുട്ടിക്കർഷകർ, മികച്ച യുവകർഷകൻ, ക്ഷീരകർഷകർ, മികച്ച കൃഷിക്കൂട്ടം തുടങ്ങി നിരവധി വിഭാഗങ്ങളിൽ മികവ് തെളിയിച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ പ്രകാശിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻകുമാർ കർഷകദിന സന്ദേശം നൽകി. പച്ചക്കറി തൈകൾ, കാർഷിക ഉപകരണങ്ങൾ, സൂക്ഷ്മാണു വളങ്ങൾ എന്നിവയുടെ വിതരണവും കാർഷിക സെമിനാറും പരിപാടിയുടെ ഭാഗമായി നടന്നു. കൃഷി ഓഫീസർ ആശാ ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി അസിസ്റ്റന്റ് പി.പി. പ്രിനിഷ്, കൃഷി വകുപ്പ് ജീവനക്കാർ, കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.