തേക്കടി തടാകത്തിൽ സുഹൃത്തുക്കൾ ഒപ്പം കുളിക്കാനിറങ്ങിയ പതിനേഴ് കാരൻ മുങ്ങിമരിച്ചു. തേക്കടി മന്നാകുടി സ്വദേശി അരിയാൻ്റെ മകൻ അർജുനാണ് മരിച്ചത്.

കുമളി: തേക്കടി തടാകത്തിനും തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന മുല്ലപ്പെരിയാർ ഷട്ടറിനുമിടയിലെ കനാലിലാണ് അർജുനനും കൂട്ടുകാരും ഇന്നലെ കുളിക്കാനിറങ്ങിയത്. അർജുനനെ കാണാനില്ല എന്ന വിവരം സുഹൃത്തുക്കൾ ഇന്ന് രാവിലെ വീട്ടുകാരെ അറിയിച്ചു. തുടർന്ന് നാട്ടുകാരോടൊപ്പം പോലീസും, വനം വകുപ്പും, അഗ്നി രക്ഷ സേനയും തിരച്ചിൽ ആരംഭിച്ചു. മുല്ലപ്പെരിയാറിലെ ഉയർന്ന ജലനിരപ്പും, തമിഴ്നാട്ടിലേയ്ക്ക് വെള്ളം കൊണ്ടു പോകുന്നതും തിരച്ചിലിനെ സാരമായി ബാധിച്ചു. ഷട്ടർ അടച്ചതോടെ തൊടുപുഴയിൽ നിന്ന് എത്തിയ സ്കൂബ ടീമിൻ്റെ പരിശോധനയിൽ അർജുൻ്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം കൽക്കെട്ടിൽ കുടുങ്ങിയ നിലയിലായിരുന്നു. കുമളി പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.