മദ്യ ലഹരിയിലായിരുന്ന യുവാവിൻ്റെ ആക്രമണത്തിൽ പോലീസിനു മർദ്ധനമേറ്റു. കുമളി പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പടെ രണ്ട് പേർക്ക് മർദ്ദനമേറ്റത്. കുമളി ടൗണിനു സമീപം വലിയ കണ്ടത്തായിരുന്നു സംഭവം.

കുമളി പോലീസ് സ്റ്റേഷനിലെ
എസ്.ഐ. കെ. രാജേഷ്കുമാർ,(50) സിവിൽ പോലീസ് ഓഫീസർ സൈനു(48) എന്നിവർക്കാണ് മർദ്ദനമേറ്റത്.ഇവരെ സ്പ്രിംഗ് വാലീ യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ
ബസ് ഡ്രൈവർ, ചെങ്കര സ്വദേശി ശർമ്മൻദുരൈയെ(42) പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ വലിയകണ്ടത്ത് മദ്യലഹരിയിൽ കാറുമായി എത്തിയ ഇയാൾ, താമസിക്കുന്ന വാടക വീടിന് മുന്നിൽ റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. ഇയാൾ ഓടിച്ചു വന്ന കാർ റോഡിന് കുറുകെ ഇട്ട് ഗതാഗതാഗതം തടസപ്പെടുത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം.പോലീസ് എത്തി വാഹനം നീക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. പിന്നീട്, ഇയാളെ പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയാണ് പോലീസിന് മർദ്ദനം ഏറ്റത്. മർദ്ദനത്തിൽ എസ്.ഐക്കും പോലീസുകാരനും മുഖത്ത് ക്ഷതമേറ്റിട്ടുണ്ട്.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പോലീസ് വാഹനത്തിൽ കയറ്റിയത്.
മൂന്ന് മാസം മുൻപ് കുമളി ടൗണിലെ പെട്രോൾ പമ്പിൽ വെച്ചും കേസന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ശർമ്മൻ ദുരൈ അക്രമിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത
പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.