മുല്ലപ്പെരിയാർ: പുതിയ മേൽനോട്ടസമിതി രൂപവത്കരിച്ചു; അധ്യക്ഷൻ ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതിയും കേന്ദ്രം രൂപവത്കരിച്ചു. ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാനാണ് സമിതിയുടെ പുതിയ അധ്യക്ഷൻ.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് നേരത്തെ കേന്ദ്ര ജല കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡാം സുരക്ഷാ അതോറിറ്റിക്ക് മുല്ലപ്പെരിയാർ അണക്കെട്ടി്റെ സുരക്ഷാ കാര്യങ്ങൾ കൈമാറിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി പിരിച്ചുവിടുകയും പുതിയ മേൽനോട്ടസമിതിക്ക് രൂപം കൊടുക്കുകയും ചെയ്‌തു. നേരത്തെ മേൽനോട്ട സമിതിയുടെ അധ്യക്ഷൻ ജല കമ്മിഷന്റെ ചെയർമാൻ ആയിരുന്നു.
പുതിയ ഡാം സേഫ്റ്റി അതോറിറ്റിയുടെ ചെയർമാനായിരിക്കും പുതിയ മേൽനോട്ട സമിതിയുടെ അധ്യക്ഷനെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം ഉത്തരവിൽ പറയുന്നു.