പതിവായുളള വൈദ്യുതി മുടക്കം കൊണ്ട് കുമളി നിവാസികൾ വലയുന്നു.

Oplus_131072
കുമളി: കുമളിയിൽ വൈദ്യുതി മുടക്കം പതിവായി,ടച്ചിംഗ് വെട്ട്, മരം വെട്ട്, അറ്റകുറ്റപ്പണി എന്ന് വേണ്ട ഓരോ പേരിലും വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. മിക്കപ്പോഴും ലൈൻ മെയിന്റനൻസ് എന്ന ഓമനപ്പേരാണ് കറന്റ് കട്ട് ചെയ്യുന്നതിന് വേണ്ടി പ്രയോഗിക്കുന്നത്. കറന്റ് കട്ട് ചെയ്യുന്നതിന് തലേ ദിവസം ഉപഭോക്താക്കളുടെ ഫോണിലേക്ക് വൈദ്യുത വകുപ്പിന്റെ മെസേജ് എത്തും. മെസേജിൽ മിക്കപ്പോഴും അറ്റകുറ്റപ്പണിയെന്നാവും ഉണ്ടാവുക. തലേ ദിവസം മെസേജ് എത്തുന്നതിനാൽ ഉപഭോക്താക്കൾക്ക് മൊബൈൽ അടക്കം റീചാർജ് ചെയ്യുന്നതിനും ടാങ്കുകളിൽ വെളും നിറക്കുന്നതിനും ഉപകാരപ്പെടുമെന്നാണ് വാദം. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ കുമളിയിലെ ജനങ്ങൾക്കും വ്യാപാരികൾക്കും വിനോദ സഞ്ചാരികൾക്കും ഒരേ പോലെയാണ് വൈദ്യുതി മുടക്കം ബാധിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ മിക്കപ്പോഴും വെളിച്ചമില്ല. വൈദ്യുതി രാവിലെ മുടങ്ങിയാൽ സന്ധ്യയാകും പലപ്പോഴും തിരികെയെത്താൻ. ഫ്രീസറിലും ഫ്രിഡ്‌ജിലും സൂക്ഷിക്കുന്ന സാധനങ്ങൾ
നശിച്ചു പോയി വ്യാപാരികൾക്കും ഹോട്ടലുടമകൾക്കും വൻ നഷ്ടമാണുണ്ടാകുക. നാട്ടുകാരുടെ സ്ഥതിയും വ്യത്യസ്തമല്ല. പകൽ നേരങ്ങളിൽ വൈദ്യുതി മുടക്കം പതിവായതോടെ കർഷകരും വെട്ടിലാകുന്നു.ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. മിക്കവാറും ഹോട്ടലുകൾ ജനറേറ്ററിൽ പ്രവർത്തിക്കേണ്ട അവസ്ഥയാണ്.. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കുമളിയിൽ ആരംഭിച്ചിട്ടുള്ല താൽക്കാലിക വ്യാപാര സ്ഥാപനങ്ങൾ അമിതമായി വൈദ്യുതി ഉപയോഗം നടത്തുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.അനുവദിച്ചതിൻ്റെ നാലിരട്ടി വൈദ്യുതിയാണ് പല കടകളിലും ഉപയോഗിക്കുന്നത്. തുടർച്ചയായ വൈദ്യുത മുടക്കം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സമരപരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്.