October 19, 2025

Idukkionline

Idukkionline

കുമളിയിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് മർദനം;സർവീസ് മുടങ്ങി

ഇടുക്കി കുമളി ബസ്റ്റാൻ്റിലെ കെ.എസ്.ആർ.ടി.സി ബസ് പാർക്കിംഗ് സ്ഥലം കൈയ്യേറ്റി സി.പി.എം തേക്കടി ലോകൽ കമ്മറ്റി സ്തൂപം സ്ഥാപിച്ചു. പാർട്ടി ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായാണ് പഞ്ചായത്തിൻ്റെ അനുമതിയില്ലാതെ സ്തൂപം നിർമ്മിച്ചത്. പുലർച്ചയെത്തിയ കെഎസ്ആർടിസി ബസ് തട്ടി എന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ കെഎസ്ആർടിസി കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചു. ഇതോടെ പുലർച്ചെ കുമളിയിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടേണ്ട കെഎസ്ആർടിസി ബസിന്റെ ട്രിപ്പും മുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സി.പി.എം തേക്കടി ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായാണ് കുമളി ബസ്റ്റാൻ്റ് കൈയ്യേറി നേതൃത്വം സ്തൂപങ്ങൾ സ്ഥാപിച്ചത്. കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യുന്നതിനായി വിട്ടു നൽകിയ സ്ഥലമാണിവിടം.അനുമതിയില്ലാതെയാണ് നിർമ്മാണം നടത്തിയതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.സ്തൂപങ്ങൾ സ്ഥാപിച്ചതോടെ കെ.എസ്.ആർ.ടി.സി ബസ് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത സാഹചര്യമാണ്. ഇന്ന് പുലർച്ചെ കോട്ടയത്തേയ്ക്ക് സർവ്വീസ് നടത്താൻ എത്തിയ കെ.എസ് ആർ.ടി.സി ബസ് സ്തുപം തട്ടിമറിച്ചു എന്നാരോപിച്ച് പ്രവർത്തകർ പുലർച്ചെ ബസ്റ്റാൻ്റിൽ സംഘടിച്ചിരുന്നു. ബസ്സിലേക്ക് കയറിയ യാത്രക്കാരന്റെ കൈ തട്ടിയാണ് സ്തൂപം മറിഞ്ഞത്. സംഘടിച്ച പ്രവർത്തകർ കെഎസ്ആർടിസി കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ സിപിഎം പ്രാദേശിക നേതാക്കൾ തന്നെ സ്ഥലത്ത് നിന്ന് മാറ്റി
കുമളിയിൽ നിന്നും മികച്ച കളക്ഷൻ നേടുന്ന കെഎസ്ആർടിസി ബസിന്റെ സർവീസ് ഇതോടെ മുടങ്ങി. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നാണ് കെഎസ്ആർടിസി അധികൃതർ നൽകുന്ന വിശദീകരണം.
അതേ സമയം ട്രിപ്പ് മുടങ്ങിയതുമായി ബന്ധപ്പെട്ട പരാതി നൽകാൻ കെഎസ്ആർടിസി അധികൃതരും തയ്യാറായിട്ടില്ല.മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കുമളിയിൽ തിരക്കും വർദ്ധിച്ചിട്ടുണ്ട്. കെഎസ്ആർടിസി ദീർഘദൂര സർവ്വീസ് ബസുകൾ ഉൾപ്പെടെ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ ജീവനക്കാരും യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാൻ കുമളി ഗ്രാമപഞ്ചായത്തും തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!