സ്വപ്നതീരമണഞ്ഞ് വിദ്യാതീരം
കേരളം: ഇന്നലെ..ഇന്ന്..നാളെ
തീരദേശ വിദ്യാര്‍ത്ഥികളെ മികച്ച കോഴ്സുകളിലൂടെ ഉയര്‍ന്ന പദവികള്‍ക്ക് സജ്ജരാക്കി അന്തസ്സോടെ ജീവിക്കാന്‍ പ്രാപ്തരാക്കി സാമൂഹിക ഉന്നമനത്തിന് വഴിതെളിക്കുകയാണ് കേരളം. ഇതുവരെ 976 വിദ്യാര്‍ത്ഥികളെയാണ് വിവിധ കോഴ്സുകളിലൂടെ സര്‍ക്കാര്‍ ജീവിതതുരുത്തുകളിലെത്തിച്ചത്.

മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ഉന്നമനത്തിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് 2015 മുതല്‍ ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാതീരം. ദുര്‍ഘടമായ ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് അന്നന്നത്തെ അന്നത്തിന് വരുമാനം കണ്ടെത്തുന്ന മത്സ്യത്തൊഴിലാളികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയാണ് ലക്ഷ്യം. പുതുതലമുറയ്ക്ക് ശരിയായ ദിശാബോധം ലഭ്യമാക്കുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്തത്. വിവിധ ഘടകപദ്ധതികള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി.

വിദ്യാര്‍ത്ഥികളെ താമസിപ്പിച്ച് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം, എന്‍ഐടി/ഐഐടി പരിശീലനം, സിവില്‍ സര്‍വീസ് കോച്ചിംഗ്, മരിച്ചുപോയ മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത് ഉന്നതവിദ്യാഭ്യാസം നല്‍കല്‍, പത്താം ക്ലാസ്സ് കഴിഞ്ഞവര്‍ക്ക് വിദ്യാഭ്യാസ സഹായം, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി കരിയര്‍ ഗൈഡന്‍സ്, കായിക ക്ഷേമം, 10 ജിആര്‍എഫ്ടിഎച്ച്എസ് സ്കൂളുകളുടെ പ്രവര്‍ത്തനം എന്നിവ പദ്ധതിയുടെ ഭാഗമാണ്.

2015-16 അക്കാദമിക വര്‍ഷം മുതല്‍ 533 വിദ്യാര്‍ത്ഥികളാണ് റെസിഡന്‍ഷ്യല്‍ മെഡിക്കല്‍ പ്രവേശന ക്ലാസ്സില്‍ അഡ്മിഷന്‍ നേടിയത്. ഇതില്‍ 84 വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി. ബി എസ് നും,63 വിദ്യാർത്ഥികൾക്ക് ബിഎഎംഎസ്/ ബിഎച്ച്എംഎസ്/ ബിവിഎസ് സി എന്നീ കോഴ്സുകള്‍ക്കും, 79 വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകള്‍ക്കും അഡ്മിഷന്‍ ലഭിച്ചു.
പി.എസ്.സി, ബാങ്ക്, സിവില്‍ സര്‍വ്വീസ് പരിശീലനത്തിനായി 2016-17 മുതല്‍ 2022-23 വരെ 369 വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുത്തിട്ടുണ്ട്. മാതാപിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളെ ദത്തെടുത്ത് പഠിപ്പിക്കുന്ന പദ്ധതി പ്രകാരം 2017 മുതല്‍ 74 വിദ്യാര്‍ത്ഥികളെ ദത്തെടുത്ത് പഠിപ്പിക്കുകയും പഠന ചെലവ്, സ്കൂള്‍ ഫീസ്, യൂണിഫോം ചെലവ്, ബുക്ക് ഫീസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു.
14 സ്കൂളുകളുടെ കായിക അടിസ്ഥാന സൗകര്യ വികസനത്തിനായി 2017 മുതല്‍ ഇതുവരെ 273 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. 2017-18 മുതല്‍ 2023-24 വരെ 90.4 കോടി രൂപയാണ് വിദ്യാതീരം പദ്ധതിക്കായി നീക്കിവച്ചത്.
പദ്ധതിയുടെ ആദ്യ ബാച്ചില്‍ അഡ്മിഷന്‍ നേടി പ്രൊഫഷണല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ വിവിധ തൊഴില്‍മേഖലകളില്‍ ചുവടുറപ്പിച്ചിട്ടുണ്ട്. അഭിമാനത്തോടെ .. സര്‍ക്കാരിന്‍റെ അര്‍പ്പണബോധത്തിന്‍റെ നേര്‍സാക്ഷ്യമായി..