കനത്ത മഴയില്‍ കുമളി ടൗണും പരിസരത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.
കുമളി: കുമളിയിൽ ഇന്ന് വൈകുന്നേരം അഞ്ചരയോട് കൂടി പെയ്ത ശക്തമായ മഴയിലാണ് കുമളി ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ള കെട്ട് ഉണ്ടായത്. മണിക്കൂറുകളോളം മഴ ശക്തമായി പെയ്തതോടെയാണ് കുമളി ടൗണിലെ പല വ്യാപാര സ്ഥാപനങ്ങളിലടക്കം വെള്ളം കയറിയത്. ഒൻപത് മണിയോടടെ മഴയ്ക്ക് അല്‍പം ശമനം വന്നതോടെ ടൗണില്‍ കയറിയ വെള്ളം കുറയുകയായിരുന്നു.
എന്നാല്‍ തേക്കടി ബൈപാസ് റോഡ്, കുമളി ടൗൺ, കുമളി പമ്പിനു സമീപം എന്നിവടങ്ങളിലാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓടയുടെ അശാസ്ത്രീയ നിർമ്മാണവും തുടര്‍ച്ചയെന്നോണം നടത്തിയ റോഡ് നിര്‍മാണത്തിലെ അപാകതയാണ് ടൗണിലുള്‍പ്പടെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായി പറയുന്നത്.
വെള്ളം ഓടകളില്‍ നിന്നും വീടുകളിലേക്ക് തിരിച്ച് തള്ളുന്നതായി നാട്ടുകാര്‍ പറഞ്ഞു. കടകളിൽ പെട്ടന്ന് വെള്ളം കയറി നിരവധി സാധനങ്ങൾ നശിച്ചത് മൂലം വലിയ നഷ്ടമുണ്ടായിട്ടുണ്ടന്ന് വ്യാപാരികൾ പറഞ്ഞു.