മകരജ്യോതി കണ്ട് മനംനിറഞ്ഞ് ഭക്തര്‍; ശബരിമല ഭക്തിസാന്ദ്രം
ശബരിമല: മല കയറി എത്തിയ ഭക്തജന ലക്ഷങ്ങൾക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ തിരുസന്നിധിയിലും പൂങ്കാവനത്തിലും ശരണമന്ത്രങ്ങളുമായി കാത്തിരുന്ന ഭക്തലക്ഷങ്ങൾക്ക് അത് ആത്മസായൂജ്യത്തിന്റെ അനർഘനിമിഷമായി. ഉച്ചത്തിൽ സ്വാമിമന്ത്രം മുഴക്കി അവർ മകരജ്യോതിയുടെ പുണ്യം ഏറ്റുവാങ്ങി.ബുധനാഴ്ച പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാത വഴിയാണ് വൈകിട്ട് ശരംകുത്തിയിൽ എത്തിയത്. ആഘോഷവരവായി വൈകിട്ടോടെ ശരംകുത്തിയിൽ എത്തിയ തിരുവാഭരണ പേടകങ്ങളെ ആചാരപൂർവം ദേവസ്വം പ്രതിനിധികൾ സ്വീകരിച്ച് പതിനെട്ടാം പടിയിലേക്ക് ആനയിച്ചു.
പതിനെട്ടുപടി കയറിയെത്തിച്ച ആഭരണപ്പെട്ടികൾ കൊടിമരച്ചുവട്ടിൽ നിന്നു സോപാനത്തേക്ക്. ശ്രീലകവാതിലിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി. തിരുവാഭരണങ്ങൾ അയ്യന്റെ തിരുമേനിയിൽ ചാർത്തി, ദീപാരാധന നടത്തിയതിനു ശേഷമാണ് പൊന്നമ്പലമേട്ടിൽ മൂന്നു വട്ടം ജ്യോതി തെളിഞ്ഞത്. ആകാശത്ത് പൊൻപ്രഭയോടെ മകരനക്ഷത്രം ജ്വലിച്ചു നിന്നു.ഭക്തജന ലക്ഷങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും മകരവിളക്ക് ദർശനത്തിന് എത്തിയിരുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കോവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തരുടെ കാര്യമായ തിരക്കുണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി പതിനായരക്കണക്കിന് ഭക്തരാണ് സന്നിധാനത്തെത്തിയത്.
(News courtesy )