വിവാദ ഉത്തരവിന്റെ മറവിൽ വൻ മരംകൊള്ളയ്ക്ക് ശ്രമം.

കുമളി: തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറുടെ വിവാദ ഉത്തരവ് മറയാക്കി കുമളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചുരുക്കുളത്ത് വൻ മരംകൊള്ളയ്ക്ക് നീക്കം. തോട്ടഭൂമി സംബന്ധിച്ച നിയമങ്ങൾ ലംഘിച്ച് പഞ്ചായത്ത് വാങ്ങിയ ഭൂമിയിലെ 106 മരങ്ങൾ മുറിച്ചു വിൽക്കാൻ വിളിച്ച ടെൻഡറിൽ, അടിസ്ഥാന വിലയുടെ നാലിലൊന്ന് തുകയ്ക്ക് മരം ഉറപ്പിക്കാൻ ശുപാർശ ചെയ്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
അധികാരം അട്ടിമറിച്ച് പുതിയ ഉത്തരവ്
പൊതുസ്ഥലത്ത് അപകടകരമായതും വികസന ആവശ്യത്തിനായി മുറിക്കേണ്ടതുമായ മരങ്ങളുടെ മൂല്യനിർണയം നടത്തുന്നതിൽ സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥനുണ്ടായിരുന്ന അധികാരം അടുത്തിടെ തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർക്ക് കൈമാറിയതാണ് വിവാദ ഉത്തരവ്. മരം മുറിക്കാനോ വിൽക്കാനോ പാടില്ലാത്ത തോട്ടഭൂമിയിൽ പൊതു ആവശ്യത്തിനെന്ന പേരിൽ പഞ്ചായത്ത് വാങ്ങിയ ഭൂമിയിലാണ് ഈ ഉത്തരവ് മറയാക്കി നടപടികൾ പുരോഗമിക്കുന്നത്.
മൂന്നാം ടെൻഡറിൽ കുറഞ്ഞ തുകയ്ക്ക് മരം ഉറപ്പിക്കാൻ നീക്കം.
കുമളി പഞ്ചായത്ത് വീണ്ടും ടെൻഡർ വിളിച്ച 106 മരങ്ങൾക്ക് നേരത്തെ 12,42,516 രൂപയായിരുന്നു അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ രണ്ടുതവണ നടന്ന ടെൻഡറുകളിൽ ആരും പങ്കെടുത്തിരുന്നില്ല. എന്നാൽ, ഏറ്റവും പുതിയ വിവാദ ഉത്തരവനുസരിച്ച്, അടിസ്ഥാന വില നിശ്ചയിക്കാതെ ടെൻഡറിൽ ആര് കൂടുതൽ തുക നൽകുന്നോ അവർക്ക് മരംമുറിക്കാൻ അനുവാദം നൽകുന്നുണ്ട്. ഈ മാസം മൂന്നിന് വിളിച്ച ടെൻഡറിൽ ലഭിച്ചത് വെറും മൂന്ന് ലക്ഷം രൂപ മാത്രമാണ്. ഇതിന് ടെൻഡർ ഉറപ്പിക്കാൻ ശുപാർശ ചെയ്തുകൊണ്ട് ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർക്ക് പഞ്ചായത്ത് കത്ത് നൽകിയിരിക്കുകയാണ്.
മുൻ ഉദ്യോഗസ്ഥനന് ബന്ധം
സംശയം വർദ്ധിപ്പിക്കുന്ന മറ്റൊരു വസ്തുത,
വിവാദമായ ഈ തോട്ടഭൂമി വാങ്ങിയപ്പോൾ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനാണ് നിലവിലെ ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ. ഇദ്ദേഹത്തിനെതിരെ തോട്ടഭൂമി കേസിൽ വിവിധ വകുപ്പുകൾ അന്വേഷണ റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്.
ഭൂമി വാങ്ങിയത് തോട്ടം മുറിച്ചുവിറ്റ്: അന്വേഷണ റിപ്പോർട്ടുകൾ
കുമളി ചുരക്കുളത്ത് വിവിധ വികസന പ്രവർത്തനങ്ങൾക്കായി അഞ്ചേക്കർ ഭൂമിയാണ് പഞ്ചായത്ത് വാങ്ങിയത്. എന്നാൽ ഇത് തോട്ടം മുറിച്ചുവിറ്റതാണെന്ന് പരാതി ഉയർന്നു.
- 2023 മാർച്ച് 16-ന് ലാൻഡ് ബോർഡ് ഇവിടെ സീലിങ് കേസെടുത്ത് തോട്ടഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിറക്കി.
- ഇത് തോട്ടഭൂമിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ, സ്ഥലം വാങ്ങാൻ ചെലവായ 6.39 കോടി രൂപ അന്നത്തെ സെക്രട്ടറിയിൽ നിന്നും ഭരണസമിതി അംഗങ്ങളിൽ നിന്നും ഈടാക്കാൻ സംസ്ഥാന ധനകാര്യ ഓഡിറ്റ് വിഭാഗം സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.
യോഗ്യതയില്ലാത്തവർക്ക് മൂല്യനിർണയ ചുമതല
തടിയുടെ ഗുണനിലവാരം നിശ്ചയിക്കാനോ വില നിർണയിക്കാനോ യാതൊരു പരിശീലനമോ ക്ഷമതയോ ഇല്ലാത്ത മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥൻ മാത്രമാണ് അസിസ്റ്റന്റ് എഞ്ചിനീയർ. ഓരോ ഇനത്തിൽപ്പെട്ട മരങ്ങളുടെയും മൂല്യനിർണയം നടത്തേണ്ടത് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ, പ്രത്യേക പരിശീലനം ലഭിച്ച അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്. പ്രിൻസിപ്പൽ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഈ നടപടിക്രമങ്ങൾ ഭാഗികമായി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഈ വിവാദ ഉത്തരവിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് വലിയ മരം കൊള്ളകൾ അരങ്ങേറിയേക്കുമെന്ന ആശങ്കയും ശക്തമാണ്.