ഇടുക്കി കുമളിയിൽ വാഹനാപകടം : ജീപ്പും ബസും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

കുമളി: കുമളിക്കടുത്ത് 62-ാം മൈലിൽ ഇന്ന് ഉച്ചയോടെ നടന്ന വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. ഒരു ടൂറിസ്റ്റ് ജീപ്പും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ ചാലക്കുടി സ്വദേശികളായ റോസി (61), സൗമ്യ (39), റോസ് (9) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ റോസി, റോസ് എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സൗമ്യ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തൃശ്ശൂർ കോടാലിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ട ജീപ്പിൽ ഉണ്ടായിരുന്നത്.
അപകടം നടന്ന വളവിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തതും നേരിയ ചാറ്റൽ മഴയിൽ വാഹനം തെന്നിമാറിയതുമാണ് അപകടകാരണ മെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.