കോടതി ഉത്തരവിട്ടിട്ടും വീട്ടിൽ കയറാനാകാതെ അമ്മയും മകളും; പരാതിയുമായി കുടുംബം

വാഗമൺ: സ്വന്തം വീട്ടിൽ താമസിക്കാൻ കോടതി ഉത്തരവ് നൽകിയിട്ടും അത് നടപ്പാക്കാൻ പോലീസ് തയ്യാറാകാത്തതിനെ തുടർന്ന് വഴിയാധാരമായിരിക്കുകയാണ് ഒരു അമ്മയും മകളും. വാഗമൺ, കോലഹലമേട്, പട്ടക്കുന്നേൽ വീട്ടിൽ പരേതനായ കുഞ്ഞുഞ്ഞിന്റെ ഭാര്യ ലക്ഷ്മിയും മകൾ സാജനയുമാണ് നീതി തേടി രംഗത്തെത്തിയിരിക്കുന്നത്.
പിതാവ് മരണപ്പെടുന്നതിന് മുമ്പ് സാജനയ്ക്ക് നൽകിയ എട്ട് സെന്റ് ഭൂമിയിലെ വീട്ടിൽ മൂത്ത സഹോദരിയും ഭർത്താവും കയറി താമസിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് സാജന പറയുന്നു. മാതാവ് ലക്ഷ്മിയെ മർദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും, തങ്ങൾക്കെതിരെ വധഭീഷണിയും അപവാദപ്രചരണങ്ങളും നടത്തുകയാണെന്നും ഇവർ പരാതിപ്പെടുന്നു.
പിതാവ് മൂത്ത സഹോദരിക്ക് 10 സെന്റ് ഭൂമിയാണ് നൽകിയിരുന്നത്. എന്നാൽ ആ സ്ഥലം വിറ്റശേഷമാണ് സാജനയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്. അധ്യാപികയായ സാജന ജോലിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ ആയിരുന്നപ്പോഴാണ് സഹോദരിയും കുടുംബവും വീട്ടിൽ താമസം തുടങ്ങിയത്. പിന്നീട് ഈ വീട് സ്വന്തമാക്കാനും സമീപത്തെ രണ്ട് ഏക്കർ സ്ഥലം കൈവശപ്പെടുത്താനും ഇവർ ശ്രമം നടത്തി.
ദശാബ്ദങ്ങൾക്കു മുൻപ് കുടുംബസ്വത്തായിരുന്ന ഈ ഭൂമി പാലാ സ്വദേശിക്ക് വിറ്റിരുന്നു. ഈ ഭൂമി കൈയ്യേറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സഹോദരി സാജനയുടെ വീടും കൈവശപ്പെടുത്തിയത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച സഹോദരി പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയെന്നും, മൂന്ന് ലക്ഷത്തോളം രൂപയും എട്ട് പവൻ സ്വർണ്ണവും കൈക്കലാക്കിയെന്നും ലക്ഷ്മി ആരോപിച്ചു.
പിതാവിന്റെ മരണശേഷം സാജന സ്വന്തമായി പണിത വീട്ടിൽ അതിക്രമിച്ച് കയറിയാണ് അക്രമം അഴിച്ചുവിടുന്നത്. കഴിഞ്ഞ ജൂലൈയിൽ തങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നിൽ വാഗമണ്ണിലെ കയ്യേറ്റ മാഫിയാ സംഘമാണെന്നും ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ഇവർക്ക് ഒത്താശ ചെയ്യുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.
വീട്ടിൽ നിന്ന് മർദിച്ച് പുറത്താക്കിയതിനെ തുടർന്ന് വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് വീട്ടിൽ തിരികെ പ്രവേശിക്കാനും താമസിക്കാനും സൗകര്യമൊരുക്കണമെന്ന് കോടതി ഉത്തരവ് നൽകിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് സാജനയും ലക്ഷ്മിയും വ്യക്തമാക്കി. നീതിക്കായി അലയുകയാണ് ഈ അമ്മയും മകളും.