തേക്കടിയിൽ റോട്ടറി ക്ലബ്ബ് മൂന്ന് ഇലക്ട്രിക് ബസ്സുകൾ നൽകും

കുമളി: റോട്ടറി ക്ലബ്ബ് ഓഫ് തേക്കടിയുടെ ഈ വർഷത്തെ സേവന പദ്ധതികളുടെ ഭാഗമായി തേക്കടിയിൽ എത്തുന്ന സഞ്ചാരികൾക്കായി മൂന്ന് ഇലക്ട്രിക് ബസ്സുകൾ നൽകും. പരിസ്ഥിതി സംരക്ഷണത്തിനായി അന്തരീക്ഷ മലിനീകരണം പൂർണ്ണമായും ഇല്ലാത്ത ആധുനിക ഇലക്ട്രിക് ബസ്സുകളാണ് റോട്ടറി ക്ലബ്ബ് പെരിയാർ കടുവാ സങ്കേതത്തിൽ ഉപയോഗത്തിനായി നൽകുന്നത്. തേക്കടി ആനവച്ചാലിലെ വനം വകുപ്പിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും സഞ്ചാരികളെ തേക്കടി ബോട്ട് ലാൻ്റിംഗിൽ എത്തിക്കുവാനാണ് ഈ ബസ്സുകൾ ഉപയാഗിക്കുക. റോട്ടറി ഫൗണ്ടേഷൻ്റെ സഹായത്തോടെ ഒന്നരക്കോടി രൂപ ചിലവുവരുന്ന പദ്ധതിയാണ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്. നിലവിൽ ഡീസൽ ഉപയോഗിച്ച് ഓടുന്ന മിനി ബസ്സുകളാണ് ആന വച്ചാലിൽ നിന്നും തേക്കടിയിലേയ്ക്ക് ആളുകളെ എത്തിക്കുന്നതിന് ഉപയോഗിച്ചു വരുന്നത്.
കുമളി കാർഡ് ബി നെസ്റ്റ് ഹാളിൽ നടന്ന റോട്ടറി ക്ലബ്ബ് ഓഫ് തേക്കടിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനോരഹണ ചടങ്ങ് ഉദ്ഘാടന ചെയ്തു സംസാരിച്ച നിയുക്ത റോട്ടറി ഡിസ്റ്റിക് ഗവർണ്ണർ ജോഷി ചാക്കോയാണ് ഇക്കാര്യം അറിയിച്ചത്.
റോട്ടറി ക്ലബ്ബ് ഓഫ് തേക്കടി വിഭാവനം ചെയ്തിട്ടുള്ള വിവിധ സേവന പദ്ധതികൾ യോഗത്തിൽ തുടക്കം കുറിച്ചു. റോട്ടറി ക്ലബ്ബിൻ്റെ ഈ വർഷത്തെ ഭരവാഹികളായി ഡോക്ടർ ബോബി എബ്രഹാം ( പ്രസിഡൻ്റ്)
തോമസ് മാത്യു ( ജനറൽ സെക്രട്ടറി) സുബാഷ് (ട്രഷറർ), ദിലീപ് എം.കെ ( ജോയിൻ്റ് സെക്രട്ടറി) എന്നിവരും പന്ത്രണ്ട് അംഗ ഡയറക്ടർ ബോർഡ് അംഗങ്ങളും ചുമതലയേറ്റു.