ഹൈറേഞ്ചിന് ഇനി ആഹോഷകാലം, തേക്കടി പുഷ്പമേളക്ക് ഇന്ന് തുടക്കം.

കുമളിക്ക് ഉത്സവരാവുകൾ സമ്മാനിച്ചുകൊണ്ട് 24 ദിവസം നീണ്ടുനിൽക്കുന്ന പതിനേഴാമത് തേക്കടി പുഷ്‌പമേള കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ഇന്ന് മുതൽ തുടക്കമായി. രാവിലെ 10 മണിക്ക് മേളനഗറിലേക്ക് പ്രവേശനം ആരംഭിച്ചു. വൈകിട്ട് 6 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സംഘാടകസമിതി ചെയർപേഴ്‌സണുമായ ഡെയ്സി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മേള ഉദ്ഘാടനം ചെയ്യും. പീരുമേട് എം.എൽ.എ. വാഴൂർ സോമൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എം.സിദ്ധിഖ്, സംസ്ഥാന സഹകരണ പെൻഷൻബോർഡ് ചെയർമാൻ ആർ. തിലകൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ആശംസകൾ അർപ്പിച്ച് സംസാരിക്കും
മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുലക്ഷത്തിലധികം പൂച്ചട്ടികളാണ് മണ്ണാറത്തറയിൽ ഗാർഡൻസ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. ആന്തൂറിയം, ഓർക്കിഡ് എന്നിവയുടെ പ്രത്യേക ശേഖരങ്ങളും പഴവർഗ്ഗ തൈകൾ, വിവിധയിനം അപൂർവ്വ സസ്യങ്ങൾ എന്നിവയും പ്രദർശനത്തിനായി എത്തിച്ചിട്ടുണ്ട്.
ജയൻ്റ് വീൽ, കൊളംബസ്, കുട്ടികൾക്കായുള്ള പ്രത്യേക റൈഡുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള അമ്യൂസ്മെൻറ് പാർക്ക് മേളയുടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. എല്ലാ സായംസന്ധ്യകളിലും വിവധ കലാസമിതികളുടെ കലാപരിപാടികൾ അരങ്ങേറും. ഏഴ് വയസ്സ് വരെ പ്രായമായ കുട്ടികൾക്കും, വികലാംഗർ, ഭിന്നശേഷിക്കാർ, അനാഥമന്ദിരങ്ങളിലെ അന്തേവാസികൾ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്. പ്രവേശന ഫീസ് 70 രൂപയാണ്. രാവിലെ 9.30 മുതൽ രാത്രി 10 വരെയാണ് പ്രദർശനസമയം.24 ദിവസം നീണ്ടുനിൽക്കുന്ന മേള ഏപ്രിൽ 20 തിയതി സമാപിക്കും.