മലയാളികളുടെ മാനവ വിഭവ ശേഷി മികവുറ്റത്: തനൂജ എസ്. ഭട്ടതിരി
https://fb.watch/nKntroCkPj/?mibextid=Nif5oz
മലയാളികളുടെ മാനവ വിഭവ ശേഷി ഏറെ മികവുറ്റതാണെന്ന് എഴുത്തുകാരി തനൂജ എസ്. ഭട്ടതിരി. ലോകത്തിന്റെ സമസ്ത നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ ഭാഗമായി കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് തനൂജ.
കേരളത്തില്‍ നിന്ന് ലഭിച്ച അനുഭവ സമ്പത്തുകൊണ്ടാണ് പലരും വിദേശത്ത് ചെന്ന് മികവ് തെളിയിക്കുന്നത്. വിദേശികളെ വളരെ നേരത്തേ പരിചയപ്പെട്ടതാണ് കേരളീയര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവിധ രാജ്യങ്ങളില്‍ നിന്നും കപ്പലില്‍ ചരക്കുകള്‍ ഇവിടേക്ക് കൊണ്ടുവരികയും ഇവിടെ നിന്ന് കയറ്റുമതി ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി മലയാളികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കണക്കു പറയാന്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലെ നന്മകള്‍ സ്വീകരിക്കാനും പഠിച്ചു.
എന്തും വേഗത്തിലും എളുപ്പത്തിലും പഠിച്ചെടുക്കുന്നവരാണ് മലയാളികള്‍. അതില്‍ വളരെയധികം അഭിമാനമുണ്ട്. ലോകത്തെ ഏത് ആശുപത്രിയില്‍ ചെന്നാലും ഒരു മലയാളി നഴ്‌സിന്റെയെങ്കിലും സാന്നിധ്യമുണ്ടാകും. ഇത് വിദേശീയരെ പലപ്പോഴും അത്ഭുതപ്പെടുത്തുന്നു.
രാജ്യത്തിന്റെ തന്നെ അഭിമാനമായി നഴ്‌സുമാര്‍ മാറിയത് മലയാളി നഴ്‌സുമാരിലൂടെയാണ്. മലയാളി മങ്കയെന്നാല്‍ കസവു മുണ്ടുടുത്ത സ്ത്രീ അല്ല യൂണിഫോം അണിഞ്ഞ നഴ്‌സുമാരാണ് എന്ന് പറയണം. കാരണം കേരളത്തിന്റെ സമ്പദ് ഘടന ശക്തമാക്കുന്നതില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ നഴ്‌സുമാരുടെ പങ്ക് വളരെ വലുതാണ്.
ഇന്നും പുരുഷാധിപത്യം നിലനില്‍ക്കുന്ന സമൂഹമാണെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം മുതലുണ്ടായ സാമൂഹ്യ പരിഷ്‌ക്കരണത്തിലൂടെ ജനാധിപത്യ ബോധം വളര്‍ത്താനും അതുവഴി അടുക്കളയില്‍ നിന്ന് സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. വിദ്യാഭ്യാസ മേഖലയുടെയും തൊഴില്‍ മേഖലയുടെയും മികവ് ഇതില്‍ നിര്‍ണായകമായി.
ഭക്ഷ്യം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നിവയിലെല്ലാം മുന്നിലാണ് കേരളം. എങ്കിലും ഇനിയും മുന്നേറാനുള്ള യാത്രയിലാണല്ലോ എല്ലാ മനുഷ്യരും. മലയാളികള്‍ പ്രത്യേകിച്ചും. ആ ലക്ഷ്യമാണ് നമുക്കുള്ളത്. നമ്മുടെ കുറവുകള്‍ നികത്തുന്നതിനുള്ള പ്രയത്‌നത്തിലാണ് മലയാളികള്‍. രാഷ്ട്രീയ, സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക, വ്യാവസായിക മേഖലയിലെ എല്ലാ മികവുകളും മുന്നോട്ട് വെക്കാനും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാനും നമ്മുടെ ഇടത്തെ കൂടുതല്‍ മികച്ചതാക്കാനും കേരളീയത്തിലൂടെ സാധിക്കും.
വര്‍ഗീയ ചിന്തകളെ മറികടക്കാനും സാമൂഹ്യപ്രശ്‌നങ്ങള്‍ പരിഹരിച്ച് തുല്യനീതി ഉറപ്പാക്കാനുമുള്ള സജീവ യാത്രയില്‍ കേരളീയം വലിയ പങ്കുവഹിക്കും.