കെഎസ്ആർടിസി ജീവനക്കാർക്ക് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം; നടപടികൾ തുടങ്ങി
തിരു.: കെ എസ് ആർ ടി സി ജീവനക്കാർക്ക് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കൊണ്ടു വന്നേക്കും. ഇതിനുള്ള നടപടികൾ തുടങ്ങി. ശനിയാഴ്ച സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം മന്ത്രി ആന്റണി രാജുവും ഇതു സംബന്ധിച്ച് സൂചന നൽകിയിരുന്നു. നിലവിൽ 16 മണിക്കൂർ ജോലി ചെയ്യുമ്പോൾ ഡബിൾ ഡ്യൂട്ടിയായാണ് കണക്കാക്കുന്നത്. ഇതിൽ 12 മണിക്കൂർ വരെ സിംഗിൾ ഡ്യൂട്ടിയായും ബാക്കി 4 മണിക്കൂറിന്, അധിക ജോലിയായി കണക്കാക്കി അടിസ്ഥാന ശമ്പളവും ഡിഎയുമായി ഇരട്ടി തുക നൽകുമെന്നതാണ് പുതിയ രീതി. ഇതിൽ തൊഴിലാളികൾക്കും എതിർപ്പുണ്ടാകില്ലെന്ന സൂചനയാണ് മാനേജ്‌മെന്റ് നൽകുന്നത്.ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം നടപ്പാക്കും. ഇപ്പോഴുള്ള ഡ്യൂട്ടി സമ്പ്രദായം മാറ്റിയില്ലെങ്കിൽ കൂടുതൽ സർവീസുകൾ നടത്താനാകില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ് സിംഗിൾ ഡ്യൂട്ടിയിലേക്കു വരുന്നത്. ഡബിൾ ഡ്യൂട്ടി ചെയ്താൽ പിറ്റേദിവസം ജീവനക്കാർക്ക് വിശ്രമം എന്നതാണ് ഇപ്പോഴത്തെ രീതി.